ഹസാരിബാഗ് : ജാർഖണ്ഡ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ യോഗേന്ദ്ര സാവോയുടെ വീട് ഹസാരിബാഗ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. എൻടിപിസിയുടെ കൽക്കരി ഖനന പദ്ധതിക്കുവേണ്ടിയാണ് വീട് ഇടിച്ചുനിരത്തിയത്. ഭൂമി എൻടിപിസിക്കു കൈമാറി.
ജോർദാഗ് മേഖലയിലെവീടാണ് വൻ പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഇടിച്ചുനിരത്തിയത്. ഭൂമിയും നഷ്ടപരിഹാരവും സംബന്ധിച്ച് ദീർകാലമായി തർക്കം നിലനിന്നിരുന്നു. എൻടിപിസി നല്കിയ നഷ്ടപരിഹാരം യോഗേന്ദ്ര സാവോ സ്വീകരിച്ചിരുന്നില്ല. നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സാവോയും ഭാര്യയും മുൻ എംഎൽഎയുമായ നിർമല ദേവിയും വീടിനു മുന്നിൽ ധർണ നടത്തിയിരുന്നു.
1.97 കോടി രൂപ നഷ്ടപരിഹാരം നല്കിയെങ്കിലും സാവോ സ്വീകരിച്ചില്ലെന്ന് എൻടിപിസി എജിഎം നീൽ മാധവ് സ്വെയിൻ പറഞ്ഞു. തുടർന്ന് റാഞ്ചിയിലെ ട്രൈബ്യൂണൽ കോടതിയിൽ പണം കെട്ടിവച്ചു.
കൽക്കരി ഖനന വികസന ജോലികൾ തടസപ്പെട്ടതിനെത്തുടർന്നാണ് വീട് ഇടിച്ചുപൊളിച്ചുനീക്കാൻ നടപടിയെടുത്തതെന്ന് എൻടിപിസി ഉദ്യോഗസ്ഥർ പറഞ്ഞു. വീട് പൊളിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യോഗേന്ദ്ര സാവോയുടെ മകളും മുൻ ബർക്കാഗാവ് എംഎൽഎയുമായ അംബാ പ്രസാദ് പറഞ്ഞു